3,149 അനർഹ റേഷൻ കാർഡുകൾ; തൃശൂർ ജില്ലയിൽ ഒന്നരക്കോടി പിഴ ലഭിച്ചു
തൃശൂർ: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ച് റേഷൻസാധനങ്ങൾ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ അനർഹർ എന്ന് കണ്ടെത്തിയ 32 റേഷൻകാർഡുടമകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, പുതുക്കാട്, ആന്പല്ലൂർ എന്നിവിടങ്ങളിലെ 75ൽ കൂടുതൽ വീടുകളിലാണ് പരിശോധന നടത്തിയത്.
ജില്ലയിൽ ഇതുവരെ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ അനർഹർ എന്ന് കണ്ടെത്തിയ 3,149 മുൻഗണനാ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനർഹരിൽനിന്ന് രണ്ടരക്കോടി രൂപയ്ക്കു മുകളിൽ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. ഇതിൽ
ഒന്നരക്കോടി രൂപ സർക്കാരിലേക്ക് പിഴയായി അടപ്പിച്ചു.
മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷനിംഗ് ഇൻസ്പെക്ടർമാരായ ടി.എസ്. രതീഷ്, ഒ.എസ്. സജീവ്കുമാർ, എൻ.എ. സുനിൽരാജ്, ടി.പി. എബി, ലിജ എൻ. പിള്ള, ഇ. രാജി, എ. ഇന്ദു എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്കിൽ പരിശോധനകൾ നടത്തിയത്.
Leave A Comment