ഫാന്‍സി നമ്പര്‍; കഴിഞ്ഞവര്‍ഷം എറണാകുളത്ത് ലഭിച്ചത് 1.81 കോടി
കൊച്ചി: ഫാന്‍സി നമ്പറിനായി ലേലത്തിലൂടെ എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിച്ചത് കോടികള്‍. കഴിഞ്ഞവര്‍ഷം മാത്രം ഫാന്‍സി നമ്പറുകള്‍ക്ക് വേണ്ടിയുള്ള ലേലത്തിലൂടെ ഒരു കോടി 81 ലക്ഷം രൂപയോളമാണ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. കാക്കനാട് സ്വദേശിയായ രാജു വാഴക്കാലക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2017-18 വര്‍ഷത്തില്‍ 3,48,96500 രൂപയും 2018-19 വര്‍ഷത്തില്‍ 3,00,51500 രൂയും 2019-20 വര്‍ഷത്തില്‍ 1,96,41000 രൂപയും 2020-21 വര്‍ഷത്തില്‍ 1,57,37000 രൂപയും 2021-22 വര്‍ഷത്തില്‍ 1,81,15000 രൂപയുമാണ് ലഭിച്ചിരിക്കുന്നത്. 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ 11,84,41000 രൂപയാണ് ഫാന്‍സി നമ്പറിനായി ലേലത്തിലൂടെ എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിച്ചിട്ടുള്ളതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.
സിനിമാ താരങ്ങളും ബിസിനസുകാരുമുള്പ്പെടെയുള്ളവര് തങ്ങളുടെ വില കൂടിയ കാറുകള്‍ക്ക് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിന് വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. വിവിധ നമ്പറുകള്‍ക്ക് വ്യത്യസ്തമായ തുകയാണ് ഫീസായി ഈടാക്കുന്നത്. വാഹനത്തിന്റെ താത്കാലിക രജിസ്ട്രേഷന് നടത്തിയ ശേഷം മാത്രമേ നമ്പര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.പരിവാഹന്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഫാന്‍സി നമ്പറിനായി ബുക്ക് ചെയ്യാം. ഒരു നമ്പര്‍ ഒരാള്‍ മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളതെങ്കില് ലേലം കൂടാതെ തന്നെ നമ്പര്‍ ലഭിക്കും. ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ലേലത്തിലൂടെ ഉയര്‍ന്ന തുകക്കായിരിക്കും നമ്പര്‍ അനുവദിക്കുക.
Leave A Comment