ജില്ലാ വാർത്ത

മരുന്ന് മാറി നൽകി: തൃശ്ശൂ‍ര്‍ മെഡി.കോളേജിൽ രോഗി ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിൽ. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.  അപകടത്തിൽ പരിക്കേറ്റാണ് അമൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. 

ഹെൽത്ത്‌ ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്ന് അമലിന് നൽകുകയായിരുന്നു.  ഇതോടെ രോഗി അബോധാവസ്ഥയിലായി. ഔദ്യോഗിക ലെറ്റര്‍ പാഡിന് പകരം ഒരു തുണ്ടു കടലാസിലാണ് രോഗിക്ക് ഡോക്ടര്‍ മരുന്ന് എഴുതി നൽകിയത്. മെഡിക്കൽ ഷോപ്പിൽ നിന്നും ഈ മരുന്ന് തെറ്റായിട്ടാണ് നൽകിയത്. ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ മരുന്ന് കഴിച്ചോളാൻ പറഞ്ഞെന്നും അങ്ങനെയാണ് മരുന്ന് കൊടുത്തതെന്നും ബന്ധുക്കൾ പറഞ്ഞു. മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയികിക്കുന്നുണ്ട്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈകൂലിയായി 3200 രൂപ വാങ്ങിയെന്നും വടക്കാഞ്ചേരിയിലെ ഒരു ക്ലിനിക്കിൽ ചെന്നാണ് ഡോക്ടര്‍ക്ക് പണം കൊടുത്തതെന്നും ഇതിനു ശേഷമാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 

പരാതിയിൽ അന്വേഷണമാരംഭിച്ചതായി മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു. മരുന്നു മാറിക്കഴിച്ചതിനെത്തുടർന്ന് രോഗിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അലര്‍ജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നാണ് ഇത്. മരുന്ന് കഴിച്ച് അടുത്ത ദിവസം രോഗിക്ക് അപസ്മാരം വന്നെന്നും റിപ്പോ‍ര്‍ട്ടിലുണ്ട്. രോഗിയുടെ നില ഗുരുതരമായതിന് പിന്നാലെ മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചു. മരുന്ന് മാറി കഴിച്ചെങ്കിലും ആരോഗ്യനില ഗുരുതരമാവുന്ന തരത്തിലുള്ള റിയാക്ഷൻ ഉണ്ടാവാൻ സാധ്യതയില്ലെന്നും ആരോഗ്യനില വഷളായതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave A Comment