മെട്രോ സ്ഥലമേറ്റെടുക്കല്‍; സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ഒരു മാസത്തിനകം
കാക്കനാട്: പാലാരിവട്ടം-ഇന്‍ഫോപാര്‍ക്ക് മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്റ്റേഷനുകള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്. സുമീതന്‍ പിള്ളയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനമിറങ്ങിയ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിനെയാണ് സാമൂഹിക പ്രത്യാഘാത പഠനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കാക്കനാട് റൂട്ടില്‍ ഒന്‍പത് കേന്ദ്രങ്ങളിലാണ് മെട്രോ സ്റ്റേഷനായി സ്ഥലം ഏറ്റെടുക്കുന്നത്. പാലാരിവട്ടം, ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.
ഇതില്‍ പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍ സ്റ്റേഷനുകള്‍ക്കായുള്ള സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇവിടെ സ്ഥലവും കെട്ടിടവും നഷ്പ്പെടുന്നവരില് നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ശേഷിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് സന്ദര്‍ശനം നടത്തും. സാമൂഹികാഘാതത്തെക്കുറിച്ചുള്ള ജില്ലാ ഭരണകൂടത്തിന് ഒരു റിപ്പോര്‍ട്ട് തയാറാക്കുന്നതിനായിരുന്നു പരിശോധന. രാജഗിരി കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന സര്‍വേ റിപ്പോര്‍ട്ടുമായി ഇത് താരതമ്യ പരിശോധന നടത്തിയ ശേഷം വിദഗ്ധ സമിതിക്ക് കൈമാറും.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുകയും കളക്ടര്‍ അത് സര്‍ക്കാരിലേക്ക് കൈമാറുകയും ചെയ്യും. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരം തിട്ടപ്പെടുത്തുക. ഇന്‍ഫോപാര്‍ക്ക് കവാടത്തിലെ മെട്രോ സ്റ്റേഷന്റെ സ്ഥലം കൈമാറുന്നത് ഐടി വകുപ്പ് ആയതിനാല്‍ ഇവിടെ സാമൂഹികാഘാത പഠനം ഉണ്ടാകില്ല. ശേഷിക്കുന്ന ഇടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
സ്ഥലമെടുപ്പിനു മുന്നോടിയായി സ്ഥലമുടമകളുടെ ആവശ്യങ്ങള്‍ അറിയാനും അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കാനുമാണു സാമൂഹികാഘാത പഠനം നടത്തുന്നത്.
Leave A Comment