കടവന്ത്ര എസ്എച്ച്ഒയെ കാസർഗോഡേക്ക് സ്ഥലം മാറ്റി
കൊച്ചി: സ്കൂട്ടര്‍ യാത്രികനെ കാര്‍ ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം വാഹനം നിർത്താതെപോയ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.പി. മനുരാജിനെ കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ മനുരാജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി എന്നാണ് വിവരം. സംസ്ഥാന പോലീസ് മേധാവിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ 18ന് രാത്രി 9.30ഓടെ ഹാര്‍ബര്‍ പാലത്തില്‍ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചുള്ളിക്കല്‍ സ്വദേശി വിമല്‍ (28) സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കടവന്ത്ര എസ്എച്ച്ഒയും സുഹൃത്തായ വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കേസ് എടുക്കാന്‍ വൈകിയതിന് പിന്നില്‍ എസ്എച്ച്ഒയെ സംരക്ഷിക്കാനാണെന്ന ആരോപണം ശക്തമായിരുന്നു.
കേസില്‍ അന്വേഷണം ആരംഭിച്ച മാട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാഹനങ്ങളുടെ വിവരങ്ങള്‍ മഹ്സറില്‍ രേഖപ്പെടുത്തും. വൈകാതെ പരാതിക്കാരനില്‍ നിന്ന് മൊഴിയെടുക്കും. ഇതിനുശേഷം എസ്എച്ച്ഒയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ എഫ്ഐആര്‍ ഇടാന്‍ വൈകിയതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.
Leave A Comment