മരണക്കുർബാന; വികാരിക്കെതിരേ പ്രതിഷേധം കടുപ്പിച്ച് ഇടവകാംഗങ്ങൾ
തൃശ്ശൂർ : പൂമല ചെറുപുഷ്പ ദേവാലയത്തിലെ വികാരി ഫാ. ജോയ്സൺ കോരോത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് ദേവാലയസംരക്ഷണസമിതി പ്രവർത്തകർ. 28 ഞായറാഴ്‌ച പെന്തക്കോസ്താദിവസം മരിച്ച വിശ്വാസികൾക്കായി ചൊല്ലുന്ന കുർബാന ജീവിച്ചിരിക്കുന്ന ഇടവകാംഗങ്ങൾക്കായി ചൊല്ലിയെന്നാണ് ആരോപണം.
ഞായറാഴ്‌ച ദേവാലയത്തിനു മുന്നിൽ ഏഴാം ചരമദിനച്ചടങ്ങുകൾ പ്രതീകാത്മകമായി സംഘടിപ്പിച്ച് ദേവാലയസംരക്ഷണസമിതി പ്രവർത്തകർ. വികാരിയും ഒരു വിഭാഗം ഇടവകാംഗങ്ങളും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ, ശനിയാഴ്‌ച വടക്കാഞ്ചേരി പോലീസ് എസ്.ഐ. ആനന്ദിന്റെ സാന്നിധ്യത്തിൽ ചർച്ചചെയ്ത് ക്രമസമാധാനം ഉറപ്പുവരുത്തിയിരുന്നു.
വികാരി കുർബാനമധ്യേ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിലും പള്ളിയിൽനിന്ന് മര ഉരുപ്പടികൾ മോഷണം പോയതിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജീവിച്ചിരിക്കെ, ഇടവകാംഗങ്ങൾക്കായി മരണക്കുർബാന നടത്തി വിശ്വാസികളെ അപമാനിച്ചതിനെതിരേ മനുഷ്യാവകാശ കമ്മിഷനും പരാതി കൊടുത്തു.
Leave A Comment