എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി വര്‍ധിക്കുന്നു; പ്രതിരോധം കൂടുതല്‍ ശക്തമാക്കും
കൊച്ചി: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു.
വീടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. അവിടെ ഫോഗിംഗും ഇന്‍ഡോര്‍ സ്പേസ് സ്പ്രേയും ശക്തമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫോഗിംഗും സ്രോതസ് നശീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചയും ഓഫീസുകളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈഡേ ആയി ആചരിക്കണം. ഡെങ്കിപ്പനി ബോധവത്കരണവുമായി ബന്ധപ്പെട്ട മൈക്ക് അനൗണ്‍സ്മെന്റ് കൂടുതല്‍ ശക്തമാക്കണം.
ഈ വർഷം ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് എട്ടു മരണങ്ങളാണ് ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ വിവരമറിയിക്കണം. പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും മറ്റും പ്രാധാന്യം നല്‍കണമെന്നും യോഗം വിലയിരുത്തി.
കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ കെ.കെ. ആശ, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment