ജീപ്പിന് മുകളില്‍ തോട്ടി; കെഎസ്ഇബിക്ക് എഐ കാമറ വക 20,500 രൂപയുടെ 'ഷോക്ക്'
കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ലൈന്‍ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനം എഐ കാമറയില്‍ പതിയുകയായിരുന്നു.
അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്ക്കെടുത്ത ജീപ്പാണ് കാമറയില്‍ പതിഞ്ഞത്. പിന്നാലെ 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍ വാഹനവകുപ്പ് കെഎസ്ഇബിക്ക് നോട്ടീസ് അയച്ചു.
ജൂൺ ആറിനായിരുന്നു സംഭവം. 17-നാണ് നോട്ടീസ് ലഭിച്ചത്. വാഹനത്തിന്റെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതമാണ് നോട്ടീസ്. കെഎസ്ഇബിക്കായാണ് വാഹനം ഓടിയതെന്നതിനാല്‍ പിഴ ബോര്‍ഡ് തന്നെ അടയ്ക്കേണ്ടിവരും.
സംഭവം മേലധികാരികളേയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും അറിയിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ഇലക്ട്രിക് സെക്ഷന്‍ അസി.എഞ്ചിനീയര്‍ എ.ഇ. സുരേഷ് പറഞ്ഞു.
ലൈനില്‍ ധാരാളം അറ്റകുറ്റപ്പണികള്‍ ഉളള മഴക്കാലത്ത് എഐ കാമറയെ പേടിച്ച് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന പേടിയിലാണ് കെഎസ്ഇബി ജീവനക്കാര്‍.
Leave A Comment