മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു
അങ്കമാലി : രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയേ തുടർന്ന് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ത്രിവേണി സംഗമതീരത്തെ നടപ്പാതയിൽ വെള്ളം കയറി. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലൂള്ളവർ ആശങ്കയിലാണ്.
കൊച്ചങ്ങാടി, ഇഇസി മാർക്കറ്റ്, കാളച്ചന്ത, പെരുമറ്റം കൂൾമാരി, ഇലാഹിയ കോളനി, കടാതി ആനിക്കാട്ടുകുടി കോളനി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ രാവിലെയോടൂകൂടിയാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നത്. മഴ ഇന്നും തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇതിനായി നഗരത്തിലെ സ്കൂളുകളടക്കം ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.
ഫോണ്: 0485 2813773. ഏതൊരു അടിയന്തര ഘട്ടവും നേരിടാൻ സജ്ജമാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു. തുടർച്ചയായി പെയ്യുന്ന മഴമൂലം നഗരത്തിൽ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് ഗതാഗത കുരുക്കിനും കാരണമായിരിക്കുകയാണ്.
Leave A Comment