അതിതീവ്ര മഴ : തീരദേശത്ത് നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ
കയ്പമംഗലം: തീരദേശത്ത് അതിതീവ്ര മഴ തുടരുന്നു. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും റോഡുകളും വെള്ളക്കെട്ടിലായി.
എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം തുടങ്ങിയ പഞ്ചായത്തുകളിലെ ഉൾനാടൻ റോഡുകൾ വെള്ളത്തിലായതോടെ ചിലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ കിഴക്കേ റോഡ് വെള്ളക്കെട്ടിലായതോടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഏറാക്കൽ, പൈനൂർ, അയ്യംപടി, കോഴിത്തുന്പ്, കയ്പമംഗലം കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കൂരിക്കുഴി 18 മുറി തക്കവ മസ്ജിദ് തെക്ക് പുല്ലാനി സൗദ ഹനീഫ വീടിനകത്ത് വെള്ളംകയറി. വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറിയിരിക്കുകയാണ്. പെരിഞ്ഞനം പഞ്ചായത്തിൽ ചെഗുവേര റോഡ് വെള്ളക്കെട്ടിലായി. പുഞ്ചപ്പാടത്ത് മുഹമ്മദ് കുടുംബവും സഞ്ചരിച്ചിരുന്ന കാർ വെള്ളക്കെട്ടിലകപ്പെട്ടു. കുറെനേരം പണിപ്പെട്ടാണ് കാർ റോഡിൽതന്നെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. മതിലകം പഞ്ചായത്തിൽ എമ്മാട്, കൂളിമുട്ടം, പുതിയകാവ് തെക്ക്, പാപ്പിനിവട്ടം താലം റോഡ്, സി.കെ. വളവ്, പളളിവളവ്, പൂവത്തുംകടവ് തുടങ്ങിയ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. മഴ കനത്തതിനെ തുടർന്ന് നിരവധി വീടുകൾ വെളളക്കെട്ട് ഭീഷണിയിലുമാണ്.
Leave A Comment