ജില്ലാ വാർത്ത

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീ മരിച്ചു; നിർത്താതെ പോയ കാർ കസ്റ്റഡിയിൽ

ചൊവ്വന്നൂര്‍: പന്തല്ലൂര്‍ പാടത്ത് ഉന്തുവണ്ടിയുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്, തട്ടുകട നടത്തിയിരുന്ന സ്ത്രീ മരിച്ചു. ചൊവ്വന്നൂര്‍ കണ്ടരാശ്ശേരി അറുമുഖന്റെ ഭാര്യ സുലോചന(55)യാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. പിന്നീട്, പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു.

പന്തല്ലൂര്‍ പാടത്തെ ഓഡിറ്റോറിയത്തിനു മുന്നില്‍ ഉന്തുവണ്ടിയുമായെത്തി തട്ടുകട നടത്തിയാണ് അറുമുഖനും സുലോചനയും കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടിയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അറുമുഖന്‍ റോഡുമുറിച്ച് മറുവശത്തെത്തിയിരുന്നു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ സുലോചനയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളറക്കാട് പയറ്റിപറമ്പില്‍ അന്‍സാറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കൈപ്പറമ്പില്‍ ഇയാളുടെ ബന്ധുവിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മകളെ കാണാന്‍ വെള്ളറക്കാടു നിന്ന് വരുമ്പോഴായിരുന്നു അപകടം. കൈപ്പറമ്പിലുള്ള ബന്ധുവിന്റെ വീട്ടില്‍ കാര്‍ നിര്‍ത്തിയിട്ട് എറണാകുളത്തേക്ക് പോയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Leave A Comment