ലഹരി പൂക്കുന്ന കൊച്ചി : 2,710 അറസ്റ്റ് , 2,477 കേസ്
കൊച്ചി: ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ കൊച്ചി പഴയ കൊച്ചിയല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും തകൃതിയായി നടക്കുമ്പോഴും ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കോ ഉപയോഗത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരക്കേറിയ എറണാകുളം മറൈന്‍ഡ്രൈവ് മുതല്‍ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ വരെ ലഹരി കൈമാറ്റത്തിന്റെ കേന്ദ്രങ്ങളാണ്. നവംബര്‍ വരെയുള്ള പോലീസിന്റെ കണക്കുകള്‍ പ്രകാരം സിറ്റിയില്‍ മാത്രം 2,477 കേസുകളാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 2,710 പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തുന്ന മറൈന്‍ഡ്രൈവ് വാക്ക്വേ ലഹരി ഉപയോഗത്തിന്റെയും കൈമാറ്റത്തിന്റെയും പ്രധാന ഇടമാണ്. കമ്മീഷണര്‍ ഓഫീസ്, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് തുടങ്ങിയ ഇടങ്ങളെല്ലാം സദാസമയവും തുറന്നിരിക്കുമ്പോഴാണ് മറൈന്‍ഡ്രൈവിലെ ലഹരി വിളയാട്ടം. ഇതുള്‍പ്പെടെ 59 ഇടങ്ങളാണ് ലഹരികേന്ദ്രങ്ങളായ ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.
നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 42.8 കിലോ കഞ്ചാവ്, 1,873 കഞ്ചാവ് ബീഡി, 23.502 ഗ്രാം ബ്രൗണ്‍ ഷുഗര്‍, എട്ട് കഞ്ചാവ് ചെടികള്‍, 2.49 ഗ്രാം ഹാഷിഷ്, 3.25 ഗ്രാം ഹാഷിഷ് ഓയില്‍, 1.09 കിലോ എംഡിഎംഎ, 8.58 ഗ്രാം ചരസ്, 11 കഞ്ചാവ് സിഗരറ്റ് എന്നിവയും വിവിധ കേസുകളിലായി 71,570 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Leave A Comment