ഏഴു മാസം മുന്‍പ് വാഹനം ഇടിച്ച് യുവാവ് മരിച്ച കേസില്‍ ഡ്രൈവർ പിടിയിൽ
നെടുമ്പാശേരി: വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ട കേസില്‍, നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറേയും ഏഴു മാസത്തിനുശേഷം പോലീസ് പിടികൂടി. ബിഹാർ സ്വദേശി രോഹിത് കുമാർ മഹാതോ (31) യെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് 24 ന് പുലർച്ചെ 1.30 ന് നെടുമ്പാശേരി അത്താണിയിലായിരുന്നു അപകടം.
കരുമാലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഉദയ്കുമാറിനെയാണ് ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിർത്താതെ പോയത്. അപകടത്തിൽ ഉദയ്കുമാർ മരണപ്പെട്ടിരുന്നു. നിര്‍ത്താതെപോയ വാഹനം അമിത വേഗത്തിലായതിനാലും സമീപത്ത് സിസിടിവി കാമറകൾ ഇല്ലാത്തതിനാലും വാഹനം കണ്ടുപിടിക്കുക ബുദ്ധിമുട്ടായി. ദൃക്സാക്ഷികളും ഇല്ലായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി ആയിരത്തിലധികം സിസിടിവി കാമറകൾ പരിശോധിച്ചു. അമ്പതിലേറെ വ്യവസായ സ്ഥാപനങ്ങൾ, ഇരുന്നൂറിലേറെ വാഹന ഉടമകൾ, വിവിധ മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവിൽ അങ്കമാലിയിലെ ഇൻഡസ്ട്രിയൽ ഏരിയായിൽ നിന്നാണ് ഗുഡ്സ് വാഹനത്തെയും ഡ്രൈവറെയും പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ആലുവ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി ഇൻസ്പെക്ടർ സോണി മത്തായി, എസ്ഐ ആർ.ജയപ്രസാദ്, എഎസ്ഐ ബിജേഷ്, എസ്സിപിഒ റോണി അഗസ്റ്റിൻ, സിപിഒ എൻ.ജി. ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment