എറണാകുളം ജില്ലയില്‍ ഇന്നുമുതല്‍ വ്യാപക പരിശോധന
കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ജനുവരി മൂന്നു വരെ നീണ്ടുനില്‍ക്കുന്ന സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക്തലത്തിലും എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി നിലവിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ക്ക് പുറമെ ഹൈവേ പട്രോള്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഇടങ്ങളില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി എക്സൈസ്, പോലീസ്, കസ്റ്റംസ്, മറ്റ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും വാഹന പരിശോധന ശക്തമാക്കും. പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികളില്‍ മിന്നല്‍ പരിശോധന നടത്താന്‍ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും. വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തും.
ജില്ലയില്‍ മദ്യം, മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗത്തെയും വിന്യസിച്ചു. മഫ്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പല ഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്. എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്താന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികളെ മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ അബ്കാരി, നര്‍കോട്ടിക്, എം ആന്‍ഡ് ടിപി ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തും. സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. ഫോണ്‍: 0484 2390657, 9447178059.
Leave A Comment