യുക്രെയ്ൻ നഗരത്തിൽ മിന്നൽ സന്ദർശനം നടത്തി പുടിൻ; രാത്രി കാറിൽ കറങ്ങി
മോസ്കോ: റഷ്യന്‍ സൈന്യം കീഴടക്കിയ യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽ മിന്നൽ സന്ദർശനം നടത്തി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടിന് പിന്നാലെയായിരുന്നു പുടിന്റെ മിന്നൽ സന്ദർശനം.
ശനിയാഴ്ച രാത്രിയോടെയാണ് പുടിൻ മരിയുപോളിൽ പറന്നിറങ്ങിയത്. ഹെലികോപ്ടറിൽ ഇവിടെയെത്തിയ റഷ്യൻ പ്രസിഡന്റ് നഗരത്തിലൂടെ കാർ ഓടിച്ചു. പ്രദേശവാസികളോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും റഷ്യൻ വാർത്ത ഏജൻസി പുറത്തുവിട്ടു.
പുതുതായി പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിതെന്ന് കരുതുന്നു. മരിയുപോളിന് തൊട്ടു കിഴക്കുള്ള റഷ്യൻ നഗരമായ റോസ്റ്റോവ്-ഓൺ-ഡോണിൽ ഉന്നത സൈനിക കമാൻഡർമാരുമായി പുടിൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഉപപ്രധാനമന്ത്രി മറാത് ഖുസ്നുല്ലിനും മരിയുപോൾ സന്ദർശന വേളയിൽ പുടിനൊപ്പം ഉണ്ടായിരുന്നു. കാറിൽ സഞ്ചരിക്കുമ്പോൾ യുദ്ധത്തിൽ തകർന്ന നഗരം എങ്ങനെ പുനർനിർമിക്കുന്നുവെന്ന് പുടിന് ഉപപ്രധാനമന്ത്രി വിശദീകരിക്കുന്നത് വീഡിയോയിൽ കാണാം.
Leave A Comment