തെരഞ്ഞെടുപ്പ് അട്ടിമറി: ട്രംപ് കോടതിയിൽ ഹാജരായി, കുറ്റങ്ങൾ നിഷേധിച്ചു
വാഷിംഗ്ടൺ ഡിസി: 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിക്ക് മുമ്പാകെ ഹാജരായി. അറസ്റ്റ് ചെയ്ത ട്രംപിനെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കും.
നാല് മാസത്തിനിടെ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസാണിത്. കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിൽ നാലു കുറ്റങ്ങളാണ് ട്രംപിനെതിരേ നീതിന്യായവകുപ്പിന്റെ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ജൂറി ചുമത്തിയിട്ടുള്ളത്. അടുത്തവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ കേസ്.
നീലച്ചിത്രനടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിച്ചതിനും പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷവും രഹസ്യരേഖകൾ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചതിനും അദ്ദേഹത്തിനെതിരേ വേറെ കേസുകളുണ്ട്. പക്ഷേ, ഏതു കേസിൽ ശിക്ഷിക്കപ്പെട്ടാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കുണ്ടാവില്ല.
Leave A Comment