അന്തര്‍ദേശീയം

ഇസ്രയേല്‍ പലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു

ദോഹ: ഇസ്രയേല്‍ പലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ സമയം 10.30 ഓടെയാണ് പ്രാബല്യത്തില്‍ വന്നത്. കരാറനുസരിച്ച് 13 ബന്ദികളെ ഹമാസും 39 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. നാലു ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍.

വൈകീട്ട്  4.30 ഓടെ ഹമാസ് ബന്ദികളാക്കിയവരില്‍ 13 പേരെ റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തില്‍ ഇസ്രയേലിലേക്കയയ്ക്കും. ഇവരെ വൈദ്യപരിശോധനയ്ക്കും സുരക്ഷാ പരിശോധനകള്‍ക്കും വിധേയരാക്കിയ ശേഷം മാത്രമായിരിക്കും ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കുക. ഒരേ കുടുംബത്തില്‍ നിന്നുള്ള ആദ്യഘട്ടത്തില്‍ മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ആദ്യ മണിക്കൂറില്‍ സഹായവുമായി മൂന്നു ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. ഇന്ധനവും ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ ട്രക്കുകളാണ് അതിര്‍ത്തി കടന്നത്.

ദിവസവും 200 ട്രക്കുകള്‍ റഫാ അതിര്‍ത്തി വഴി കടത്തി വിടാനാകുമെന്ന് ഈജിപ്ത് അറിയിച്ചു. നാലു ദിവസത്തെ വെടി നിര്‍ത്തലില്‍ ഇരുഭാഗങ്ങളില്‍ നിന്നും പ്രകോപ നങ്ങളുണ്ടാകില്ലെന്നുറപ്പു വരുത്തുന്നതിനായി ഖത്തര്‍ ദോഹയില്‍ നിരീക്ഷണകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമയം വൈകീട്ട് നാലു മണിയോടെ ഹമാസ് ബന്ദികളാക്കിയവരിലെ ആദ്യ ബാച്ചിനെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Leave A Comment