അന്തര്‍ദേശീയം

സാംസ്‌കാരിക സഹകരണത്തില്‍ പുതിയ അധ്യായം കുറിച്ച് സൗദി അറേബ്യയും ചൈനയും

ബീജിംഗ്: സൗദി അറേബ്യയും ചൈനയും സാംസ്‌കാരിക സഹകരണത്തില്‍ പുതിയ അധ്യായം കുറിച്ചു.ഇരു രാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് കരാറുകളില്‍ ഒപ്പുവെച്ചത്.

സൗദി സാംസ്‌കാരിക മന്ത്രി അബ്ദുല്ല ബിന്‍ ഫര്‍ഹാനും ചൈനീസ് സാംസ്‌കാരിക ടൂറിസം മന്ത്രി സണ്‍ യാലിയും ചേര്‍ന്നാണ്  സാംസ്‌കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് നിരവധി കരാറുകളില്‍ ഒപ്പുവെച്ചത്.മ്യൂസിയങ്ങള്‍, സാംസ്‌കാരിക പൈതൃകം, തിയറ്റര്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, വിഷ്വല്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ലൈബ്രറികള്‍, പരമ്പരാഗത കരകൗശല കലകള്‍ എന്നീ മേഖലകളിലെ സഹകരണം ഉള്‍പ്പെടുന്നു.

സാംസ്‌കാരിക വിഷയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും കൈമാറ്റം ചെയ്യുക, ഇരു രാജ്യങ്ങളും തമ്മിലെ സാംസ്‌കാരിക പരിപാടികളിലും പങ്കാളിത്തം കൈമാറുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കുക, എല്ലാ തരത്തിലുമുള്ള പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ അനുഭവങ്ങള്‍ കൈമാറുക, ഇരു രാജ്യങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ധാരണയായത്.

വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമാണ് ധാരണ. സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സൗദിയിലെ സാംസ്‌കാരിക സംവിധാനവും ചൈനീസ് സാംസ്‌കാരിക സംഘടനകളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം വര്‍ധിപ്പിക്കുന്നതിനുമായാണ് സൗദി സാംസ്‌കാരിക മന്ത്രി ബീജിങ്ങിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങളെയും അവരുടെ ജനതയെയും സേവിക്കുന്നതിനായി വിവിധ സാംസ്‌കാരിക മേഖലകളിലെ സഹകരണം വിപുലീകരിക്കാനുള്ള താല്‍പര്യവും ചര്‍ച്ചയായി.

Leave A Comment