അന്തര്‍ദേശീയം

കാർ ഗതാഗതക്കുരുക്കിലകപ്പെട്ടു, ശസ്ത്രക്രിയയ്ക്കായി ഡോക്ടർ ഓടിയത് മൂന്നു കിലോമീറ്റർ

ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയ നടത്താന്‍ കാറില്‍നിന്ന് ഇറങ്ങിയോടിയത് മൂന്ന് കിലോമീറ്റര്‍. ബംഗളൂരു സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ ഓടിത്തോല്‍പിച്ചത്.

”പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്ന സ്ത്രീക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. രാവിലെ 10ന് കാര്‍ സര്‍ജാപുര-മാറത്തഹള്ളി റോഡില്‍ എത്തിയപ്പോള്‍ ഗതാഗതക്കുരുക്കിലകപ്പെട്ടു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാല്‍, ഇഴഞ്ഞിഴഞ്ഞ് ഇത്രയും ദൂരം പിന്നിടാന്‍ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലായതോടെ വാഹനം ഡ്രൈവറോട് എത്തിക്കാന്‍ പറഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ പ്രയാസമൊന്നും തോന്നിയില്ല. ആംബുലന്‍സുകള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ അത്യാഹിതങ്ങള്‍ ഉണ്ടാകും”, ഡോക്ടര്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു.

ശസ്ത്രക്രിയക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. റോഡിലെ കുഴികള്‍ക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വെള്ളക്കെട്ടും ചെളിയും കാരണം ബംഗളൂരുവില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Leave A Comment