മുഖത്തോട് മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും; ചായസത്കാരം ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ദീർഘനാളത്തെ ഇടവേളക്ക് ശേഷം ഒരേ വേദിയിലെത്തിയെങ്കിലും പരസ്പരം മുഖത്തോട് മുഖം നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും.
വാക്‌പോര് കൊണ്ട് പോർമുഖം തുറന്ന ഇരുവരും വേദി പങ്കിടുമ്പോൾ മഞ്ഞുരുക്കത്തിൻറെ സാധ്യത കൂടി പലരും മുന്നിൽക്കണ്ടിരുന്നു. എന്നാൽ ഗവർണറുടെ ചായ സത്കാരം ബഹിഷ്‌കരിച്ചു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറോടുളള നിലപാട് കടുപ്പിക്കുകയും ചെയ്തു.
രാജ്ഭവനിലെ വേദിയിൽ കനപ്പിച്ച മുഖവുമായി എത്തിയ പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനുമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രങ്ങളായത്. നാളുകൾക്ക് ശേഷം ഒരേ വേദിയിലെത്തിയിട്ടും പരസ്പരം അഭിവാദ്യം ചെയ്യാനോ മുഖത്തോട് മുഖം നോക്കാനോ മുഖ്യമന്ത്രിയും ഗവർണറും തയ്യാറായില്ല.
ആറു മിനിറ്റ് വേദി പങ്കിട്ടിട്ടും മഞ്ഞുരുക്കത്തിൻറെ സൂചന നൽകുന്ന ശരീരഭാഷ പോലും ഇരുകൂട്ടരിൽ നിന്നുമുണ്ടായില്ല. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഗവർണറൊരുക്കിയ ചായ സത്കാരം ബഹിഷ്‌കരിച്ചു കൊണ്ട് ഗവർണറുമായി ഒരു കോംപ്രമൈസിനുമില്ലെന്ന സന്ദേശം കൂടി മുഖ്യമന്ത്രി നൽകി.
ചുരുക്കത്തിൽ സർക്കാർ – ഗവർണർ പോര് ഉടൻ രമ്യതയിലെത്തില്ലെന്ന് വ്യക്തം.
Leave A Comment