ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിലെയും ലൈഫ് മിഷനിലെയും അടിയന്തര പ്രമേയ നോട്ടീസാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബ്രഹ്മപുരത്ത് 54 കോടിരൂപയുടെ പദ്ധതി 22 കോടിക്ക് സബ്കോണ്ട്രാക്റ്റ് കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.
അപ്പോള്‍ 32 കോടിയുടെ അഴിമതിയാണ് സോണ്ട കമ്പനിക്ക് കരാര്‍ കൈമാറിയതില്‍ ഉണ്ടായിട്ടുള്ളതെന്നും സതീശന് ആരോപിച്ചു. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചു.
1. പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
3. സിപിഎം നേതൃത്വം നല്കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്കാന് തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?
5. ബ്രഹ്മപുരത്തെ ബയോ മൈനിംഗിനായി കരാര്‍ നല്കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?
6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?
7. കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?
ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മുഖ്യമന്ത്രി ഇപ്പോള്‍ ആകാശവാണിയാണെന്നും സതീശന് പരിഹസിച്ചു. വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ഭയമായതുകൊണ്ടാണ് സഭാസമ്മേളനം വെട്ടിചുരുക്കിയതെന്നും സതീശന് പറഞ്ഞു.
Leave A Comment