റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ല, ഭാര്യക്കും മകനുമുണ്ട്: ഇ.പി. ജയരാജൻ
തിരുവനന്തപുരം: കണ്ണൂരിലെ വിവാദ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇ.പി. ജയരാജൻ ഇക്കാര്യം വിശദീകരിച്ചത്. ഭാര്യക്കും മകനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്. അത് അനധികൃതമല്ലെന്നും ജയരാജന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരണം നല്കി.
വൈദേകം റിസോര്‍ട്ടുമായി തനിക്ക് നേരിട്ട് ബന്ധമില്ല. തനിക്ക് അതില്‍ നിക്ഷേപമില്ല. ഭാര്യക്കും മകനും നിക്ഷപമുണ്ട്. നിലവിലുള്ള ഓഹരി ഘടനയും ഇ.പി. ജയരാജന് യോഗത്തെ അറിയിച്ചു. എന്നാല്‍ ഇതൊന്നും അനധികൃതമല്ല. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ നിക്ഷേപിച്ചതാണെന്നും ജയരാജന് പറഞ്ഞു.
ഭാര്യയുടേയും മകന്റെയും വരുമാന സ്രോതസ് ഇ.പി പാർട്ടിക്ക് മുന്നിൽ വച്ചു. മകൻ 12 വർഷമായി ബിസിനസ് ചെയ്തുവരികയാണ്. തന്റെ ഭാര്യയും മകനും പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല.
അതുകൊണ്ടാണ് റിസോർട്ട് വിഷയം പാർട്ടിയെ അറിയിക്കാതിരുന്നതെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ഇതോടെയാണ് സംസ്ഥാന സമിതിയിലും വിശദീകരിക്കട്ടെയെന്ന് സെക്രട്ടേറിയറ്റ് നിർദേശിച്ചത്.
Leave A Comment