സർക്കാർ ഓഫീസുകളിലെ പഞ്ചിംഗ് ; നടപടികൾ രണ്ടാഴ്ചയ്ക്കകം
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പഞ്ചിംഗ് നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദേശം നൽകി. വകുപ്പുതലവൻമാരുടെ ഓഫീസുകളായ ഡയറക്ടറേറ്റുകളിലും ജില്ലയിലെ സിവിൽ സ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പഞ്ചിംഗ് നടപടികൾ ആരംഭിക്കുന്നത്.
നിലവിൽ ഏതാനും കളക്ടറേറ്റുകളിലും ചില ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് മെഷിനുകൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയായിട്ടുണ്ട്. പഞ്ചിംഗ് മെഷിൻ സ്ഥാപിക്കുന്ന നടപടി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ വേഗത്തിൽ പൂർത്തിയാക്കാനാണു നിർദേശം.
തുടർന്നു ജീവനക്കാരുടെ ഇലക്ട്രോണിക്സ് ഹാജർ രേഖപ്പെടുത്തുന്ന പഞ്ചിംഗ് മെഷിനുമായി ശന്പള സോഫ്റ്റ് വെയറായ സ്പാർക്കിനെ ബന്ധിപ്പിക്കുന്ന സാങ്കേതിക നടപടികളാണു പൂർത്തിയാക്കേണ്ടത്. കളക്ടർമാരും വകുപ്പു മേധാവികളും ഇക്കാര്യത്തിൽ ഇടപെടൽ ശക്തമാക്കാനും ഉന്നതതലയോഗം നിർദേശിച്ചു.
ജില്ലാ കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് നടപടികൾ ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. താലൂക്കു തലത്തിലെ ഓഫീസുകളും താഴേത്തട്ടിലെ മറ്റു സർക്കാർ ഓഫിസുകളിലും മാർച്ച് 31നകം പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Leave A Comment