തിരുവോണ ദിനത്തിൽ ഗുരുവായൂരിൽ 10,000 പേർക്കു വിശേഷാൽ പ്രസാദ ഊട്ട്
ഗുരുവായൂർ: തിരുവോണ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 10,000 പേർക്ക് വിഭവസമൃദ്ധമായ വിശേഷാൽ പ്രസാദ ഊട്ട് നൽകുമെന്നു ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.
അന്നലക്ഷ്മി ഹാളിലും പുറത്തുള്ള പന്തലിലുമായാണു പ്രസാദ ഊട്ട് നൽകുന്നത്. കാളൻ, ഓലൻ, കൂട്ടുകറി, പഴം പ്രഥമൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കും. പ്രസാദ ഊട്ട് വരിയിലേയ്ക്കുള്ള പ്രവേശനം ഉച്ചയ്ക്കു രണ്ടിന് അവസാനിപ്പിക്കും.
തിരുവോണ ദിനത്തിൽ ക്ഷേത്രത്തിൽ പുലർച്ചെ 4.30നു ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം ആരംഭിക്കും. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആദ്യ ഓണപ്പുടവ സമർപ്പിക്കുന്നത്.
ക്ഷേത്രത്തിൽ രാവിലെയും ഉച്ചതിരിഞ്ഞും രാത്രിയും മേളത്തോടെയുള്ള കാഴ്ചശീവേലി ഉണ്ടാകും. തിരുവോണ ദിനത്തിൽ രാവിലെ ആറുമുതൽ ഉച്ചയ്ക്കു രണ്ടുവരെ വിഐപി ദർശനത്തിനു നിയന്ത്രണമുണ്ടാകും. ഭക്തരെ കൊടിമരത്തിനു മുന്നിലൂടെ നേരിട്ടു നാലമ്പലത്തിൽ പ്രവേശിപ്പിക്കുന്ന തരത്തിൽ സംവിധാനം ഒരുക്കും. കമ്മീഷണറുടെ അനുമതി ലഭിച്ചാൽ ഇന്നർ റിംഗ് റോഡ് മനോഹരമാക്കുമെന്നും ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു.
Leave A Comment