'ഗോവിന്ദന് എന്തുപറ്റി'; പ്രതിപക്ഷ നേതാക്കളെ അപമാനിക്കാൻ നീക്കമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും കള്ളക്കേസെടുത്ത് അപമാനിക്കാനാണ് പിണറായി സർക്കാരിന്‍റെ ശ്രമമെന്ന് രമേശ് ചെന്നിത്തല. അഴിമതിയുടെ ജാള്യത മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എതിർക്കുന്നവരുടെ വാ മൂടി കെട്ടുന്ന ഏകാധിപതിയായി മുഖ്യമന്ത്രി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ചെന്നിത്തല വിമർശിച്ചു. ഗോവിന്ദന് എന്തുപറ്റിയെന്ന് അറിയില്ല. അദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. എന്നാൽ, ഗോവിന്ദൻ സംസാരിക്കുന്നത് ആഭ്യന്തരമന്ത്രിയെപ്പോലെയാണ്. സിപിഎം നേതാക്കൾ ഒരിക്കലും പറയാത്ത കാര്യങ്ങളാണ് ഗോവിന്ദൻ പറയുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അഞ്ച് വിജിലൻസ് കേസെടുത്തു. എന്നാൽ ഒരൊറ്റ കേസിലും ഏഴ് വർഷമായിട്ടും എഫ്ഐആർ ഇല്ല. ഈ സർക്കാർ മുങ്ങുന്ന കപ്പലാണ്. ആർക്കും രക്ഷിക്കാനാകില്ല. പിണറായി പിന്തുടരുന്നത് നരേന്ദ്ര മോദിയുടെ പാതയാണ്. സിപിഎം പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമായാണെന്നും ചെന്നിത്തല പരിഹസിച്ചു.
Leave A Comment