കെ. സുധാകരനെതിരായ ഗൂഢാലോചന: കെപിസിസി ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ കെ. സുധാകരനെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച സിപിഎം നേതാക്കളുടെ ഗുഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വം ഡിജിപിക്ക് പരാതി നൽകി. കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
മോൻസൻ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
എം.വി. ഗോവിന്ദനും ദേശാഭിമാനിയും സിപിഎം നേതാക്കളും കെപിസിസി അധ്യക്ഷനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കളുടെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
മോൻസനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന് ഇന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് 23ന് ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട സുധാകരനെ അറസ്റ്റ് ചെയ്താൻ 50,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Leave A Comment