ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ലൈഫ് മിഷന് പദ്ധതിയിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. വലത് കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഈ നിര്‍ദേശം നല്‍കിയത്.
ഹര്‍ജി പരിഗണിക്കവെ, ശിവശങ്കറിന്റെ ആവശ്യത്തെ ഇഡി എതിര്‍ത്തു. എന്നാല്‍ ചികിത്സയ്ക്കു വേണ്ടി ഇടക്കാല ജാമ്യം തേടുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കോടതി വാക്കാല്‍ ചോദിച്ചു. മുമ്പും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞാണ് ശിവശങ്കര്‍ ജാമ്യം നേടിയതെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമില്ലാതെ സര്‍വീസില്‍ തിരിച്ചു കയറിയെന്നും ഇഡിയുടെ അഭിഭാഷകന് വിശദീകരിച്ചു. തുടര്‍ന്നാണ് ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
ഹര്‍ജി ജൂണ്‍ 27 നു പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ ഈയാവശ്യമുന്നയിച്ചു നല്കിയ ഹര്‍ജി നേരത്തെ ഇഡി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു.
Leave A Comment