കെ വിദ്യയെ ജൂലൈ ആറുവരെ റിമാൻഡ് ചെയ്തു; ഇന്നും നാളെയും പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു. ഇന്നും നാളെയും വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നലെ 7.40ന് വടകരയിൽ വച്ച് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വൈദ്യപരിശോധനക്കു ശേഷമാണ് വിദ്യയെ മണ്ണാർക്കാട് കോടതിയിൽ എത്തിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വിദ്യ പറഞ്ഞിരുന്നു. നിയമപരമായി ഏതറ്റംവരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോടു പറഞ്ഞു.
ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മെഡിക്കൽ സംഘം വിദ്യയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. വിദ്യയെ അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസും നീക്കം തുടങ്ങി. ഇതിനായി നാളെ മണ്ണാർക്കാട് കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് പിടിയിലായ വിദ്യയെ രാത്രി പന്ത്രണ്ടരയോടെയാണ് അഗളിയില്‍ എത്തിച്ചത്.
മഹാരാജാസിന്‍റെയെന്നല്ല ഒരു കോളജിന്‍റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്.
ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലുള്ളവരാണ്. കടുത്ത മാനസിക സമ്മര്‍ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പൊലീസിൽ മൊഴിനൽകി.
Leave A Comment