വ്യാജ സർട്ടിഫിക്കറ്റ് കേസ്: അൻസിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന കേസിൽ കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അൻസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.
അതേസമയം കേസിൽ നിലപാട് അറിയിക്കാൻ സർക്കാർ വെള്ളിയാഴ്ച വരെ സമയം തേടിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന പരാതിൽ അൻസിലിനെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേരള സർവകലാശാല രജിസ്ട്രാർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അൻസിലിനെതിരെ കേസെടുത്തത്. അൻസിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് പരാതി. സർവകലാശാല രജിസ്ട്രാർ അന്വേഷണം നടത്തിയപ്പോൾ കേരള സർവകലാശാല അത്തരമൊരു സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പരീക്ഷാ കണ്ട്രോളറും റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിയുടെ പേരിൽ ഇത്തരമൊരു സർട്ടിഫിക്കറ്റ് പ്രചരിക്കുന്നതിൽ സർവകലാശാല രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ആ പരാതി ഡിജിപി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം വ്യാജ സർട്ടിഫിറ്റ് നിർമിച്ചിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് അൻസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമത്തിനെതിരെ മാനനഷ്ടത്തിനും അൻസിൽ കേസ് കൊടുത്തിരുന്നു.
തന്റെ പേരില്‍ പ്രചരിക്കുന്നത് ആരോ തട്ടിക്കൂട്ടിയ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നും അൻസില്‍ ജലിൽ പറഞ്ഞു. എസ്എഫ്ഐ നേരിടുന്ന വൻ പ്രതിസന്ധി മറികടക്കാൻ ആരോ തനിക്കെതിരേ മെനയുന്ന തിരക്കഥയുടെ ഭാഗമാണ് തന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
ആരോപിക്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് താൻ കണ്ടിട്ടു പോലുമില്ലെന്നും വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു തന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അൻസില്‍ പറയുന്നു. താൻ പഠിച്ചത് ബിഎ ഹിന്ദി ലിറ്ററേച്ചര്‍ ആണ്.
പ്രചരിക്കുന്നത് കോമേഴ്സ് സര്‍ട്ടിഫിക്കറ്റും. ചിലര്‍ ഗൂഢാലോചനയുടെ ഭാഗമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റാണ് പ്രചരിക്കുന്നതെന്നും അൻസില്‍ പറഞ്ഞു.
Leave A Comment