വിദ്യ ഒളിവിൽ കഴിഞ്ഞത് മുൻ എസ്എഫ്ഐ പ്രവർത്തകന്റെ വീട്ടിൽ
പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ. വിദ്യ ഒളിവിൽ കഴിഞ്ഞത് മുൻ എസ്എഫ്ഐ പ്രവർത്തകന്റെ വീട്ടിൽ. കോഴിക്കോട് മേപ്പയൂരിലെ റോവിത് കൂട്ടോത്ത് എന്നയാളുടെ വീട്ടിൽനിന്നാണ് മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
റോവിത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനാണ്. വിദ്യ ഇവിടെ എത്തിയത് എസ്എഫ്ഐ പ്രവർത്തകർ വഴിയാണെന്നും പറയുന്നു. എന്നാൽ വിദ്യ ഒളിവില്‍ കഴിഞ്ഞത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കുന്നില്ല.
കോഴിക്കോട്ടെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവള കുട്ടോത്ത് നിന്ന് ബുധനാഴ്ച രാത്രിയാണ് അഗളി പോലീസ് സംഘം വിദ്യയെ പിടികൂടിയത്. കേസെടുത്തശേഷം പതിനാറു ദിവസം കഴിഞ്ഞായിരുന്നു അറസ്റ്റ്. വിദ്യ ഒളിവില്‍ കഴിഞ്ഞത് ആരുടെ വീട്ടിലാണെന്ന് പോലീസ് പറയുന്നില്ല. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ രക്ഷിക്കുന്നതിന് വിദ്യയെ വഴിയില്‍വച്ച് പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം.
സാധാരണ ഗതിയില്‍ പ്രതികള്‍ക്കു താമസ്യ സൗകര്യം ചെയ്തുകൊടുക്കുന്നവരെ കേസില്‍ പ്രതിയാക്കാറുണ്ട്. ഗൂഡാലോചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താറുമുണ്ട്. എന്നാല്‍ വിദ്യയുടെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ല. ഒരു വീട്ടില്‍ മാത്രമല്ല ഒന്നിലേറെ വീടുകളില്‍ വിദ്യ ഒളിവില്‍ കഴിഞ്ഞതായി സൂചനയുണ്ട്. നേരത്തെ വടകരയിലും വിദ്യ എത്തിയിരുന്നു.
വിദ്യയെ സഹായിച്ചയാളെ പോലീസ് തിരിച്ചറിയുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ കേസ് നടപടികള്‍ ഒഴിവാക്കാന്‍ പോലീസ് പേരു വിവരം പുറത്തുവിട്ടിട്ടില്ല.
കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ പിടിയിലായത്. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കുന്നതിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെത്തുടർന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതി യിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ആറിന് എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസ് അഗളി പോലീസിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചിക്കാനായി വ്യാജ രേഖയുണ്ടാക്കൽ, യഥാർഥമെന്നോണം അത് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിലുള്ളത്.
Leave A Comment