കേരളം

കേരളത്തിൽ കാലവർഷം മെച്ചപ്പെടും; യെല്ലോ അലർട്ട് തൃശൂര്‍ അടക്കം മൂന്ന് ജില്ലകളിൽ

കൊച്ചി: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കാലവർഷം മെച്ചപ്പെടും. കാലാവസ്ഥാ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. കേരളത്തിൽതൃശൂർ അടക്കം  മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. 

തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ അഞ്ച് ജില്ലകളിലും, മറ്റന്നാൾ 8 ജില്ലകളിലും യെല്ലോ അലർട്ടാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം, കേരളത്തിൽ കാലവർഷത്തെ കാര്യമായി ബാധിച്ചിരുന്നു. മൺസൂൺ സീസൺ കണക്കാക്കുന്ന ജൂൺ 1 മുതലുളള കണക്ക് അനുസരിച്ച് 66 ശതമാനമാണ് മഴക്കുറവ്. എല്ലാ ജില്ലയിലും സാധാരണയേക്കാൾ കുറവ് മഴയാണ് കിട്ടിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് 82 ശതമാനമാണ് ജില്ലയിൽ മഴക്കുറവുണ്ടായത്. എന്നാൽ ഈ സാഹചര്യം മാറുന്നതിന്റെ സൂചനയാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. 

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപത്തായാണ് ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം മെച്ചപ്പെടുന്നതിന് അന്തരീക്ഷ ഘടകങ്ങൾ അനുകൂലം. ഇടത്തരം മഴ പരക്കെ ലഭിക്കും. ചുരുക്കമിടങ്ങളിൽ ശക്തമായ മഴയും. വടക്കൻ ജില്ലകളിലെ പടിഞ്ഞാറൻ മേഖലകളിലും മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കാം. 

മോശം കാലവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഈ ദിവസങ്ങളിൽ പരക്കെ മഴ കിട്ടുമെങ്കിലും തുടർച്ചയായ മഴയ്ക്കായി ഇനിയും കാത്തിരിക്കണം. ജൂലൈ ആദ്യവാരങ്ങളൽ കുറെക്കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

Leave A Comment