കേരളം

പ്ലസ്‌ടു കോഴ : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യം.

നോട്ടീസിന് മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയമാണ് ഷാജിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോ എന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകരോട് ആരാഞ്ഞു. നേരിട്ടുളള തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആണല്ലോ ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. നേരിട്ട് കൈക്കൂലി ചോദിച്ചതിന് തെളിവുകള്‍ ഇല്ലെങ്കിലും ഷാജിക്കെതിരെ പരോക്ഷ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി.ഹമീദും വാദിച്ചു.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്.എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Comment