വിലാപയാത്ര തലസ്ഥാനനഗരം കടക്കാനെടുത്തത് മൂന്നു മണിക്കൂർ
തിരുവനന്തപുരം: കേരളത്തിന്റെ ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നഗരം കടക്കാൻ എടുത്തത് മൂന്ന് മണിക്കൂറിലേറെ സമയം. രാവിലെ 7.10ന് പുതുപ്പള്ളി ഹൗസിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര നാലാഞ്ചിറ ജംഗ്ഷനിലെത്താനെടുത്തത് മൂന്ന് മണിക്കൂറിലേറെ സമയം ചെലവിട്ടാണ്.
വിലാപയാത്ര കടന്നുപോയ പാതവക്കുകളുടെ ഇരുവശങ്ങളിലുമായി ആയിരകണക്കിനാളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി കാത്തുനിന്നത്.
സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ വരിവരിയായി അണിനിരന്നാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചത്. അഞ്ച് പതിറ്റാണ്ടിലേറക്കാലം തലസ്ഥാന നഗരത്തിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആ വഴികളിലൂടെയായിരുന്നു.
ജഗതി, മ്യൂസിയം, വെള്ളയന്പലം, നിയമസഭ കവാടം, പിഎംജി ജംഗ്ഷൻ, ലൂർദ്ദ് പള്ളിക്ക് മുൻവശം, പട്ടത്തെ പിഎസ്സി ഓഫീസിന് മുന്നിലും പട്ടം സെന്റ് മേരീസ് സ്കൂളിന് മുന്നിലും കേശവദാസപുരം ജംഗ്ഷൻ, നാലാഞ്ചിറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡിനിരുവശങ്ങളിലുമായി ആയിരകണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
പട്ടം സെന്റ് മേരിസ് സ്കൂളിന് സമീപം വിദ്യാർഥികളും ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ വൻജനാവലിയാണ് കാത്തുനിന്നത്. മുഖ്യമന്ത്രിയായിരുന്ന കാലയളവിലും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പട്ടം സെന്റ് മേരീസിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടി കുട്ടികൾക്കും അധ്യാപകർക്കും ഏറെ പ്രിയങ്കരനായിരുന്നു.
വഴിത്താരകളിലെല്ലാ സ്ഥലങ്ങളിലും അരളിപ്പൂക്കളും റോസപൂക്കളുമായി പ്രായഭേദമേന്യേ ആദരാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളാണ്.
Leave A Comment