നാമജപ യാത്രക്കെതിരേ കേസെടുത്ത സംഭവം: എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്
ചങ്ങനാശേരി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്ത സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എന്‍എസ്എസ്. സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരേയും നിയമ നടപടി എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം പാളയം മുതല്‍ പഴവങ്ങാടി വരെ നടത്തിയ ഘോഷയാത്രയ്ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. യാത്ര നയിച്ച സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. അനുമതിയില്ലാതെ സംഘം ചേര്‍ന്ന് ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ചാണ് നടപടി.
എന്‍എസ്എസിനെ ശത്രുപക്ഷത്ത് നിര്‍ത്താതെ മിത്ത് വിവാദം രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരേ പോലീസ് കേസെടുത്തത്.
കേസ് എന്‍എസ്എസ് നേതൃത്വത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇങ്ങിനെയെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കുമെതിരേ കേസെടുക്കേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Leave A Comment