ഇന്ന് നിശബ്ദപ്രചാരണം; പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികള്‍
കോട്ടയം: പുതുപ്പളളിയില്‍ തിങ്കളാഴ്ച നിശബ്ദപ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് സ്ഥാനാര്‍ഥികളുടെ ഇന്നത്തെ ലക്ഷ്യം. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ രാവിലെ വിതരണം ചെയ്യും.
സ്ട്രോംഗ് റൂം ആയ കോട്ടയം ബസേലിയസ് കോളജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
ആകെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
Leave A Comment