കേരളം

പോരാട്ടങ്ങളുടെ നായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍

കൊച്ചി: തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നൂറ്റാണ്ടിന്‍റെ നെറുകയില്‍ തൊടുമ്പോള്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനും അത് ചരിത്രനിമിഷമാണ്.

പ്രായത്തിന്‍റെ അവശതയിൽ സജീവരാഷ്ട്രീയത്തിന് തിരശീലയിട്ടെങ്കിലും വി.എസ് എന്ന പേരിന്‍റെ തിളക്കവും, തീയും ഇനിയും കെട്ടുപോയിട്ടില്ല. 

ഇടത്പക്ഷരാഷ്ട്രീയത്തിന്‍റെ രണനായകന്‍ നൂറ്റാണ്ടിന്‍റെ പടവും കടക്കുമ്പോള്‍ ചരിത്രത്തിലേക്ക് നീണ്ട് കിടക്കുന്നത് സമരശോഭയാർന്ന കാല്‍പ്പാടുകള്‍.

വി.എസ് അച്യുതാനന്ദന്‍ എന്ന പേര് ഇന്ത്യന്‍ മാർസിസ്റ്റ് ധാരയുടെ പുസ്തകത്തില്‍ മാത്രമൊതുങ്ങുന്ന ഒരു നാമമല്ല.

അശരണരായ മുഴുവന്‍ മനുഷ്യരിലേക്കും ആശ്രയവെളിച്ചം വിതറിയ ഒരു മുന്നേറ്റത്തിന്‍റെ നെടുനായകത്വമാണത്.

മണ്ണിലിറങ്ങി നിന്ന് മഴയും വെയിലും കൊണ്ട്, ചേറുപുരണ്ട ജീവിതങ്ങളെ നെഞ്ചിലെടുത്ത് വച്ച മാനവികതയുടെ ചുരക്കപ്പേര് കൂടിയാണ് വി.എസ്.

സാമൂഹിക പ്രശ്നങ്ങളില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് നിന്ന് പോരടിച്ചയാളാണ് വി.എസ്.

സമവായം എന്നാല്‍ സ്വയം നഷ്ടപ്പെടലാണെന്ന് തിരിച്ചറിഞ്ഞ നേതാവ്.

ആഗോള വത്കരണ സമൂഹത്തിലെ യാഥാർത്ഥ ഇടത്പക്ഷ രാഷ്ട്രീയത്തിന്‍റെ പാഠപുസ്തകമാണ് വി.എസ്.

അനുഭവങ്ങളുടെ തീച്ചുളയില്‍ നിന്ന് വാർത്തെടുക്കപ്പെട്ട നേതാവ്.

പ്രായം നൂറാണ്ടെത്തുമ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ വി.എസില്ല.

പക്ഷേ ആ പേരുകേട്ടാല്‍ ഇപ്പോഴും സമരാവേശത്തിന്‍റെ രക്തതാപമേറുന്നൊരു തലമുറയെ വി.എസ് തെരുവുകളില്‍ ബാക്കിവെച്ചിട്ടുണ്ട്.

Leave A Comment