കേരളം

സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് നൽകാൻ തീരുമാനം. ശിക്ഷാകാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആദ്യമായി ഒരു കേസിൽ ശിക്ഷപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. 

ആദ്യമായി ഒരു കേസിൽ പ്രതിയായി ശിക്ഷപ്പെട്ടവർക്കാണ് ഇളവിനുള്ള അർഹതയുള്ളത്. സർക്കാർ നൽകുന്ന വിവിധ ഇളവ് കൂടാതെ ശിക്ഷയുടെ പകുതി അനുഭവിച്ചു കഴിഞ്ഞവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അതായത് മൂന്ന് മാസം ശിക്ഷിക്കപ്പെട്ട ഒരു തടവുകാരന് ചട്ടപ്രകാരം ഇളവുകളൊന്നും ലഭിക്കാതെ ഒന്നരമാസം ശിക്ഷ പൂർത്തിയാക്കിയാൽ ബാക്കി ശിക്ഷാകാലയളവ് ഒഴിവാക്കും. പത്തുവർഷം തടവിന് ശിക്ഷപ്പെട്ടയൊരാളാണെങ്കിൽ അഞ്ച് വർഷം തടവ് പൂർത്തിയാക്കിയാലും പുറത്തിറങ്ങാം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് ശിക്ഷയുടെ പകുതി പൂർത്തിയാക്കിവർക്കായിരിക്കും ഇളവ് ലഭിക്കുക. പക്ഷെ ഇളവ് നൽകുന്നതിന് കടുത്ത മാനദണ്ഡങ്ങളുണ്ട്. ലൈംഗിക അതിക്രമ കേസിലെയും ബലാത്സംഗം കേസിലെയും പ്രതികൾക്ക് ഇളവ് ലഭിക്കില്ല.

Leave A Comment