കേരളം

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് തുടക്കമായി. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. 

അധ്യാപകരുടെയും കുട്ടികളുടെയും രണ്ടാഴ്ച നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലാണ് ആഘോഷപൂര്‍വമായ പ്രവേശനോത്സവം നടന്നത്. രാവിലെ 9 മണിക്ക് മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ചു. ഇതിനു ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

 വിദ്യാഭ്യാസം കുട്ടിയുടേയും മാതാപിതാക്കളുടേയും മാത്രമല്ല, ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറിയെന്നതാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാലത്തിനൊത്ത് സ്വയം നവീകരിക്കാന്‍ അധ്യാപകര്‍ക്കും ഉത്തരവാത്തമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നീതി അയോഗ് റിപ്പോര്‍ട്ടില്‍ കേരളത്തിലെ വിദ്യാഭ്യസ നിലവാരം ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

 ഡിജിറ്റല്‍ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ലാപ്‌ടോപുകളും 70000 പ്രൊജക്റ്ററുകളും റോബോട്ടിക്ക് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

എഐ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, കൊച്ചി മേയര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമായി.

Leave A Comment