കേരളം

മുഖ്യമന്ത്രീ, നിങ്ങൾ മഹാരാജാവല്ല, കേരളാ മുഖ്യമന്ത്രിയെന്ന് സതീശൻ; സഭയിൽ വാക്ക്പോര്

തിരുവനന്തപുരം: നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് സിപിഎമ്മിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിലാണ് വി.ഡി സതീശന്റെ മറുപടി. 

സിദ്ധാർത്ഥന്റെ മരണമുണ്ടായപ്പോൾ ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസ്സാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. കാര്യവട്ടം ക്യാമ്പസിലെ ഇരുണ്ട മുറിയിൽ കൊണ്ടുപോയി വിചാരണ നടത്തി. ആശുപത്രിയിൽ കൊണ്ടുപോകാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് എസ്എഫ്ഐക്ക് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടേയെന്നും സതീശൻ തുറന്നടിച്ചു. 

ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ധർണയിരുന്നത്. ശ്രീകാര്യം സ്റ്റേഷനിൽ എന്തിനാണ് എസ്എഫ്ഐക്കാർ വന്നത്. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുകയുളളൂ. കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ വരെ എസ്എഫ്ഐ ആക്രമിച്ചു. പ്രിൻസിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞത്. 

സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്ന് സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി നിങ്ങൾ മഹാരാജാവല്ല. നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും മറക്കരുതെന്നും സതീശൻ തുറന്നടിച്ചു. ഇതോടെ മറുപടി നൽകിയ പിണറായി വിജയൻ, ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്നും മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശൻ നൽകിയ മറുപടി.

Leave A Comment