കേരളം

ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി കോടതിയില്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ആരേയും തനിക്ക് പേടിയില്ലെന്നും പറയുന്നവര്‍ പറയട്ടേയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്ന് യൂട്യൂബ് ചാനലില്‍ ശ്രീലേഖ പറഞ്ഞിരുന്നു.

ശ്രീലേഖ യൂട്യൂബ് ചാനലില്‍ പറഞ്ഞ വാക്കുകള്‍:

സത്യത്തിന്റെ, ദിലീപിന്റെ പക്ഷത്താണ് ഞാന്‍. അയാള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമബോധ്യമുണ്ടെനിക്ക്. ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും ആണ്. അതൊക്കെ ഏതെങ്കിലും അവസരത്തില്‍ പറയണമല്ലോ, അതാണ് പറഞ്ഞത്. ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ഇതൊക്കെ പറയണമോ എന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാന്‍ കാത്ത് നില്‍ക്കണോയെന്നായിരുന്നു ആലോചന. എന്നാല്‍ ഈ കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം തീര്‍ന്നാല്‍ ചീട്ട്‌കൊട്ടാരം പോലെ ഈ കേസ് പൊളിയും. അതുകൊണ്ട് ഉള്‍വിളി വന്നപ്പോഴാണ് ഞാന്‍ തുറന്ന് പറഞ്ഞത്. എന്റെ മുമ്പില്‍ വരുന്ന കേസുകളിലെല്ലാം തന്നെ മറുഭാഗം ഞാന്‍ കാണും. ഇരയുടേയും പ്രതിയുടേയും ഭാഗത്ത് നിന്ന് നോക്കിയാലേ കുറ്റത്തെക്കുറിച്ചുള്ള പൂര്‍ണ ചിത്രം കിട്ടൂ എന്ന ബോധ്യം എനിക്കുണ്ട്. ദിലീപിന്റെ കേസിലും അതാണ് ഞാന്‍ സ്വീകരിച്ചത്. ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഞാന്‍ അവള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ദിലീപിനെ അവശ നിലയില്‍ ജയിലില്‍ കാണുന്നതുവരെ ഞാന്‍ അങ്ങനെ തന്നെയാണ് നിന്നത്. കേസിനെ കുറിച്ച് പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഡിഐജിയാണ് പറഞ്ഞത്, ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന്. അവിശ്വസനീയമായിരുന്നു അത്. ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു. ഞാന്‍ പറയുന്നത് ശരിയാണെന്ന് അവര്‍ക്കറിയാം. പക്ഷേ, അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

Leave A Comment