കേരളം

ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംവിധായകന്‍ ആര്‍ ശരത് ആണ് ശ്രീവരാഹം ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍, അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതിസന്ധി എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. ഹരികുമാറിന്റെ സ്‌നേഹപൂര്‍വം മീര, ജേസിയുടെ അശ്വതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും കെജി ജോര്‍ജിന്റെ ഇലവങ്കോട് ദേശത്തിന്റെ സംഭാഷണവും രചിച്ചു.

നിരവധി സാഹിത്യ കൃതികള്‍ രചിച്ചിട്ടുണ്ട്. അരവിന്ദ് ഘോഷിന്റെ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച ശേഷം ദീര്‍ഘകാലം രാജ്ഭവനില്‍ പിആര്‍ഒയായി പ്രവര്‍ത്തിച്ചിരുന്നു.‘ഈടും ഭംഗിയുമാണ് ഹാന്റക്‌സിന്റെ ഊടും പാവും’ എന്ന പരസ്യവാചകം ഹാന്റക്‌സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. 

നടനും നാടകകൃത്തുമായ അന്തരിച്ച പി.ബാലചന്ദ്രന്‍ ഭാര്യാ സഹോദരനാണ്. പ്രധാന രചനകള്‍: അബ്ദുള്ളക്കുട്ടി (കഥ), നദീമധ്യത്തിലെത്തും വരെ (കഥ). കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അബുദബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ പി.എസ്.രാധ. മക്കള്‍: ശ്യാം കൃഷ്ണ, സൗമ്യ കൃഷ്ണ. മരുമകന്‍ ശ്യാംകുമാര്‍.

Leave A Comment