കേരളം

1,52,905 കോടിയുടെ നിക്ഷേപവാഗ്ദാനം; 374 കമ്പനികള്‍ താല്‍പര്യപത്രം ഒപ്പുവച്ചുവെന്നും മന്ത്രി പി.രാജീവ്

കൊച്ചി: ഇന്‍വെസ്റ്റ് കേരളയിലൂടെ 1,52,905 കോടിയുടെ നിക്ഷേപവാഗ്ദാനമെന്ന് വ്യവസായമന്ത്രി പി.രാജീവ്. 374 കമ്പനികള്‍ താല്‍പര്യപത്രം ഒപ്പുവച്ചു. ഇന്‍വെസ്റ്റ് കേരളയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അതിവേഗ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പി.രാജീവ് പറഞ്ഞു. ഇതിനായി നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുമെന്നും സമാപന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

18 സംസ്ഥാനങ്ങളില്‍ വാട്ടര്‍മെട്രോ സാങ്കേതിക പഠനത്തിന് കെഎംആര്‍എല്ലിന് കരാര്‍ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേ സമയം ഇന്‍വസ്റ്റ് കേരള ഉച്ചകോടിയില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിനന്ദിച്ചു . കേന്ദ്രം അനുവദിച്ച പദ്ധതികള്‍ സമയബന്ധിതമായി കേരളം പൂര്‍ത്തിയാക്കിയെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞു. ഗെയില്‍, വിഴിഞ്ഞം, ദേശീയപാത വികസനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജ് കുര്യന്റെ പ്രശംസ.

കേരളത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് 5000 കോടി നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കളമശേരിയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കും. ഇരുപത്തിയയ്യായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്‍വെസ്റ്റ് കേരളയില്‍ പ്രഖ്യാപനം. കൊച്ചിയിൽ ഹിൽടോപ് സിറ്റി തുടങ്ങാൻ 5,000 കോടി രൂപയുടെ പദ്ധതിയുമായി പുണെയിൽ നിന്നുള്ള മൊണാർക്ക് ഗ്രൂപ്പും രംഗത്തെത്തി. സ്വകാര്യ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്നതാകും മൊണാർക്ക് ഗ്രൂപ്പിന്റെ പദ്ധതി.

Leave A Comment