കേരളം

മന്ത്രി ആർ ബിന്ദു മാപ്പ് പറയണം; ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ

കരുവന്നൂർ: ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കരുവന്നൂരിൽ മരിച്ച ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു ഫിലോമിനയുടെ കുടുംബത്തോട് മാപ്പ് പറയണം.നിലവിലെ അന്വേഷണം പ്രഹസനമാണ്. സിബിഐ അന്വേഷണം വരണം. സർക്കാർ അടിയന്തിരമായി ഓർഡിനൻസ് ഇറക്കി നിക്ഷേപകർക്ക് ഗ്യാരന്റി നൽകണം 164 ബാങ്കുകളിൽ പ്രശ്നമുണ്ട്. കരുവനൂരിലെ മാത്രം പ്രശ്‌നം തീർത്താൽ പോരായെന്നും വി ഡി സതീശൻ പറഞ്ഞു.

കരുവന്നൂർ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും പ്രതികരിച്ചപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സർക്കാർ എതിർക്കുകയാണ്. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം, കരുവന്നൂരിലേത് ചെറിയ പ്രശ്നമായി സർക്കാർ കാണുന്നില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുന്നു. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതുകൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

Leave A Comment