ദയാബായിയെ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.
യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, പി.കെ.കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളാണ് ദയാബായിക്ക് പിന്തുണയുമായി ആശുപത്രിയിലെത്തിയത്.
ദയാബായിയെ സര്‍ക്കാര്‍ അപമാനിച്ചെന്ന് സതീശന് പറഞ്ഞു. ദയാബായിയുമായുള്ള സമവായ ചര്‍ച്ചയ്ക്കുശേഷം മന്ത്രിമാര്‍ അറിയിച്ചതിനു വിരുദ്ധമായാണ് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയതെന്നു സതീശന് ആരോപിച്ചു.
സമരം തീര്‍ക്കാന്‍ കൃത്യമായ ഇടപെടലുണ്ടായില്ല. മന്ത്രിമാരുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നും സതീശന് വിമര്‍ശിച്ചു.
ദയാബായി ഉയര്‍ത്തുന്നത് ന്യായമായ ആവശ്യങ്ങളാണ്. സമരത്തിന് പൂര്‍ണ പിന്തുണ നല്കാന് യുഡിഎഫ് തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരോടും ദയാബായിയോടും ക്രൂരമായ അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും സതീശന് പറഞ്ഞു.
സമരസമിതിയുമായി ഞായറാഴ്ചയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കൊടുവില്‍ ദയാബായി സമരം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ദയാബായി.
തിങ്കളാഴ്ച സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയെങ്കിലും പല കാര്യങ്ങളിലും വ്യക്തതക്കുറവുള്ളതുകൊണ്ടാണ് ദയാബായി സമരം തുടരാന്‍ തീരുമാനിച്ചത്.
Leave A Comment