സിനിമാ പരസ്യ വിവാദം; ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്തെന്ന് വി.ഡി.സതീശന്‍
സിനിമാ പരസ്യ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവര്‍ക്ക് അസഹിഷ്ണുതയാണ്. അധികാരത്തിന്റെ ധാര്‍ഷ്ഠ്യമാണ് സിപിഐഎം പ്രകടിപ്പിക്കുന്നത്. ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്ത്? എന്നും വി.ഡി.സതീശന്‍ ചോദിച്ചു. റോഡിലെ കുഴികളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള സിനിമാ പരസ്യത്തെ ചൊല്ലി സൈബറിടങ്ങളില്‍ രാഷ്ട്രീയ വാക്‌പോര് ശക്തമായിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിന്റെ പത്രമാധ്യമങ്ങളില്‍ വന്ന പരസ്യ വാചകമാണ് സൈബര്‍ പോരിനാധാരം. ‘തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തെ ചൊല്ലിയാണ് തര്‍ക്കം. സംസ്ഥാനത്തെ ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും സജീവ ചര്‍ച്ചകളായി നില്‍ക്കെയാണ് ഇത്തരത്തിലൊരു സിനിമാ പരസ്യം വന്നിരിക്കുന്നത്. പാതകളിലെ കുഴികള്‍ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മിലും സര്‍ക്കാരും ബിജെപിയും തമ്മിലും ഏറ്റുമുട്ടല്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടക്കുന്ന സൈബര്‍ പോരാട്ടത്തിന് രാഷ്ട്രീയ മാനം കൈവരികയാണ്.
കുഴികള്‍ കൂടുതല്‍ ദേശീയപാതയിലാണെന്ന് സിപിഐഎം നേതാക്കളും പിഡബ്ല്യുഡി റോഡുകളിലാണെന്ന് ബിജെപി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ തിയേറ്ററിലേക്കുള്ള വഴിയിലെ കുഴി ആരുടേതാണെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഇടത് സൈബര്‍ പേജുകള്‍ പരസ്യത്തെ കുറ്റപ്പെടുത്തിയും സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്തും രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.
Leave A Comment