അഴിമതി ആരോപണം; ഇ.പി. ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് എൽഡിഎഫ് കൺവീനർ സ്ഥാനമൊഴിയാൻ ഇ.പി. ജയരാജൻ സന്നദ്ധ പ്രകടിപ്പിച്ചതായി സൂചന. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. പാര്‍ട്ടി പദവികള്‍ ഒഴിയാനും സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
എന്നാൽ, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച ഐഎന്‍എല്‍ സമ്മേളനത്തില്‍ ജയരാജന് പങ്കെടുക്കും.
നേരത്തെ തന്നെ പാർട്ടി പരിപാടികളിൽ നിന്നും ഇപി ഭാഗികമായി മാറിനിൽക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ രാജ്ഭവന് മാര്‍ച്ചിലും കണ്‍വീനര്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ആണ് ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി. ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ഇതില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇ.പി. ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും.
Leave A Comment