കേരളം

ഇ.പി. ജയരാജൻ വഞ്ചിച്ചെന്ന് വ്യവസായി

കണ്ണൂർ: വ്യവസായ സംരഭവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ തന്നെ വഞ്ചിച്ചുവെന്നും കോടികളുടെ നഷ്ടം സംഭവിച്ചെന്നും തലശേരിയിലെ വ്യവസായി രമേഷ് കുമാർ. പാർട്ടിക്കുള്ളിൽ ഇ.പി.ജയരാജനെതിരേ പി. ജയരാജൻ സാന്പത്തിക ക്രമക്കേട് ഉന്നയിച്ചത് വിവാദമായിരിക്കെയാണ് നേരത്തെ ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രമേഷ് കുമാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തന്നെ വഞ്ചിച്ചത് സംബന്ധിച്ച് 2019ൽ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനു പരാതി നൽകിയിരുന്നതായി രമേഷ് കുമാർ പറയുന്നു. കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളാലും തെരഞ്ഞെടുപ്പ് വന്നതിനാലും ഇതു സംബന്ധിച്ച വിഷയം പാർട്ടിയിൽ ചർച്ചയായില്ല. പിന്നീട് മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെ കണ്ണൂർ കേന്ദ്രീകരിച്ച് പാർട്ടിതല അന്വേഷണം നടന്നു.

ഇതിനിടെ ചില ഒത്തു തീർപ്പു ശ്രമങ്ങൾ ഉണ്ടായതിനാൽ തുടർ നീക്കമുണ്ടായില്ലെന്നും രമേഷ് കുമാർ പറയുന്നു. ഇ.പി. ജയരാജനെതിരേയുള്ള ആരോപണത്തിനു പിന്നിൽ രമേഷ് കുമാറാണെന്ന് വൈദേകം റിസോർട്ട് സിഇഒ തോമസ് ജോസഫ് ആരോപിച്ചതിനു പിന്നാലെയാണ് രമേഷ് കുമാർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രമേഷ് കുമാർ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് നേരത്തെ പ്രവർത്തിച്ചിരുന്നപ്പോൾ വലിയ തോതിലുള്ള സാന്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും ഇക്കാര്യം ഡയറക്ടർ ബോർഡ് അന്വേഷിച്ചു വരികയാണെന്നുമായിരുന്നു തോമസ് ജോസഫ് പറഞ്ഞത്.

Leave A Comment