'വടക്കോട്ട് നോക്കാതെ ആദ്യം നിങ്ങൾ കുഴിയടയ്ക്കൂ': മന്ത്രി റിയാസിനെതിരേ സുരേന്ദ്രൻ
തിരുവനന്തപുരം: പ്രസാർഭാരതിയിൽ ആർഎസ്എസ് വത്കരണം നടക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ടെന്നും വടക്കോട്ട് നോക്കി സംസാരിക്കാതെ റോഡിലെ കുഴിയടയ്ക്കു എന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി.
എല്ലാം മോദി ചെയ്യും എന്നാണെങ്കിൽ മന്ത്രിമാരായി നിങ്ങൾ ഇവിടെ എന്തിനാണ്? എല്ലാം മോദി ചെയ്യാനാണെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ ആവശ്യമുണ്ടോ? അതുകൊണ്ട് റിയാസ് അധികം വർത്തമാനം പറയാതെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യാൻ നോക്കെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് മത ഭീകരവാദികളെ ഒരുമിപ്പിക്കുന്നയാളാണ് റിയാസെന്നും അമിത്ഷാ വരുമ്പോൾ റിയാസിനുണ്ടാകുന്ന വെപ്രാളത്തിന് കാരണമിതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നേരത്തേ, പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ പിന്തുണയുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി റിയാസ് വിമർശനവുമായി രംഗത്തെത്തിയത്.
Leave A Comment