ചാലക്കുടിക്ക് ആശ്വാസം, കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:ചാലക്കുടി മേഖലയിലെ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. മേഖലയിലെ കുടിവെള്ള, കൃഷി, ജലസേചനപദ്ധതികൾക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സാഹചര്യം ജനപ്രതിനിധികള്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയോടും, കൃഷി വകുപ്പ് മന്ത്രിയോടും, ജലവിഭവ വകുപ്പ് മന്ത്രിയോടും, എം എല്‍ എ മാരോടും ചര്‍ച്ചചെയ്തതിനു ശേഷമാണ് കേരള ഷോളയാറില്‍ നിന്നും പ്രതിദിനം 0.6 എംസിഎം എന്ന നിരക്കില്‍ പത്ത് ദിവസത്തേക്ക് വെള്ളം അധികമായി കേരള ഷോളയാറില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് തുറന്നു വിടാന്‍ മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്.
ഇതുമൂലം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 1.6 കോടിയുടെ വൈദ്യുതി ഉല്‍പ്പാദന നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ പുഴയെ ആശ്രയിക്കുന്ന 15000 ത്തോളം ഹെക്ടർ പ്രദേശം വരൾച്ച അഭിമുഖീകരിയ്ക്കുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഡാമിൽ നിന്നും ജലം തുറന്നുവിടാനുള്ള അടിയന്തിര നടപടികൾ സ്വീകരിയ്ക്കുമോയെന്ന് കഴിഞ്ഞ ദിവസം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
ഷോളയാർ ഡാം നിറഞ്ഞു നില്ക്കുന്ന സാഹചര്യത്തിലും ജലവൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററുകളുടെ തകരാർമൂലം ചാലക്കുടി പുഴയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായതായും തകരാർ പരിഹരിയ്ക്കുവാൻ രണ്ട് മാസത്തോളം സമയം വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചതെന്നും എം എൽ എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Leave A Comment