മാസങ്ങളായി ശമ്പളമില്ല, വിദ്യാർഥികളെ ഊട്ടുന്നവർ പട്ടിണിയിൽ
തൃശൂർ: സംസ്ഥാനത്തെ 20,000ത്തോളം പാചക തൊഴിലാളികൾക്കു മൂന്നു മാസമായി സർക്കാർ ശമ്പളം നല്കുന്നില്ല. തൃശൂർ ജില്ലയിൽ 1,300 പാചക തൊഴിലാളികളാണുള്ളത്. ഇവർക്കു ഡിസംബറിൽ ലഭിച്ച 5,000 രൂപ അഡ്വാൻസിന്റെ ഫലത്തിലാണ് ഇത്രയും നാൾ പിടിച്ചുനിന്നത്. കഴിഞ്ഞ രണ്ടുവർഷമായി ബജറ്റിലും തൊഴിലാളികളെ അവഗണിക്കുകയാണ്. ബജറ്റിൽ തുക അനുവദിച്ചു നല്കുന്ന നേരീയ ശമ്പള വർധനവും ഇതോടെ മുടങ്ങി.
സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ സംസ്ഥാനത്ത് 13,700 തൊഴിലാളികളാണുള്ളത്. എന്നാൽ പല സ്കൂളുകളിലും തൊഴിലാളികൾ കൂലിയുടെ പാതി നല്കി സഹായത്തിന് ആളെ നിർത്തിയിരിക്കുകയാണ്.
2016ൽ പ്രഖ്യാപിച്ച മിനിമം കൂലിയായ 600 രൂപ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇഎസ്ഐയും പിഎഫും വിരമിക്കൽ ആനുകൂല്യവും നടപ്പിലാക്കുമെന്ന വാഗ്ദാനവും കടലാസിലാണ്. സ്കീം തൊഴിലാളികളിൽ ഒരുവിഭാഗമായ അങ്കണവാടി ജീവനക്കാർക്ക് ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയപ്പോൾ ആശ വർക്കർമാർക്കൊപ്പം തങ്ങളെയും മാറ്റിനിർത്തി വിഭജനവും കാണിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ പറഞ്ഞു.
അധ്യയന വർഷാരംഭം മുതലെ പാചകത്തൊഴിലാളികൾക്കു ശമ്പളം നല്കാതെ സർക്കാർ അവഗണിക്കുകയായിരുന്നു. പ്രവേശനോത്സവം ഗംഭീരമാക്കിയവർ ജൂണിലെ ശമ്പളം നല്കിയത് ഓഗസ്റ്റിലാണ്. അതിന്മുമ്പ് അവധിക്കാല വേതനം തൊട്ടുമുമ്പത്തെ വർഷത്തിനു സമാനമായും നൽകിയില്ല.
ഈ സാഹചര്യത്തിൽ നാളെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്നിലും മറ്റു ജില്ലകളിൽ ഡിഡി ഓഫീസുകൾക്കു മുമ്പിലും പാചകതൊഴിലാളികൾ പട്ടിണി സമരം നടത്തും.
Leave A Comment